സൈനികത്താവളത്തില്‍ 4 സൈനികരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 12-ന് നാലു സൈനികരെ വെടിവെച്ച് കൊന്ന…
;ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 12-ന് നാലു സൈനികരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മോഹന്‍ ദേശായി എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മോഹന്‍ ദേശായി നിരാശയിലായിരുന്നുവെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പീരങ്കി യൂണിറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ദേശായ് തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്. ഇന്‍സാസ് റൈഫിൾ മോഷ്ടിച്ച് നാലുപേരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദേശായി മൊഴി നൽകി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 'ഏപ്രില്‍ ഒമ്പതിന് രാവിലെയാണ് ആയുധം മോഷ്ടിച്ചത്. തുടര്‍ന്ന് അത് ഒളിപ്പിച്ചുവെച്ചു. ഏപ്രില്‍ 12-ന് പുലർച്ചെ 4.30 ഓടെ കാവല്‍ ജോലിക്കിടെ മുകളിലെ നിലയിലേക്ക് പോയി ഉറങ്ങിക്കിടന്ന നാല് പേരേയും വെടിവെച്ച് കൊലപ്പെടുത്തി' ചോദ്യം ചെയ്യലില്‍ ദേശായ് പറഞ്ഞു.
സാഗര്‍ ബാനെ (25), ആര്‍. കമലേഷ് (24), ജെ. യോഗേഷ് കുമാര്‍ (24), സന്തോഷ് എം. അഗര്‍വാള്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.മോഹന്‍ ദേശായി ഒരു ഇന്‍സാസ് റൈഫിളും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ എട്ട് ബുള്ളറ്റുകളുമടക്കം മോഷ്ടിച്ചതായി ഭട്ടിന്‍ഡ സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുല്‍നീത് സിങ് പറഞ്ഞു. വെടിവെപ്പിന് ശേഷം ഇയാള്‍ റൈഫിളും ബുള്ളറ്റുകളും സൈനിക കേന്ദ്രത്തിലെ മലിനജലക്കുഴിയില്‍ നിക്ഷേപിച്ചതായും പോലീസ് പറഞ്ഞു. ഇത് പിന്നീട് ഇവിടെ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു.
ആന്ധപ്രദേശ് സ്വദേശിയായ ദേശായി താന്‍ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെട്ട് നേരത്തെ പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുര്‍ത്തയും പൈജാമയും ഇട്ട് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ഒരു കൈയില്‍ മഴുവും മറുകൈയില്‍ റൈഫിളും പിടിച്ച് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് താന്‍ കണ്ടതായാണ് ദേശായി പറഞ്ഞിരുന്നത്. ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് പോലെ സംഭവം ഭീകരാക്രമണമല്ലെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.