വന്ദേഭാരത് പശുവിനെ ഇടിച്ച് തെറിപ്പിച്ചു; ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചു നിന്ന റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം
വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തുവീണ് മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവറിലാണ് സംഭവം. റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മ എന്നയാളാണ്…
വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തുവീണ് മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവറിലാണ് സംഭവം. റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മ എന്നയാളാണ് മരിച്ചത്. ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിച്ചയാളാണ് മരിച്ച ശിവദയാൽ ശർമ. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
കാളിമോറി ഗേറ്റിൽ നിന്ന് രാവിലെ എട്ടരയോടെ വരുകയായിരുന്നു വന്ദേഭാരത് എക്സ്പ്രസ്, ട്രാക്കിൽ നിന്നിരുന്ന പശുവിനെ ഇടിച്ച് തെറിപ്പിച്ചാണ് കടന്നു പോയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ പശു, ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്കു വീണു. സംഭവ സ്ഥലത്തു വച്ചുതന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറയുന്നു.
വന്ദേ ഭാരത് ട്രെയിനുകൾ റെയിൽവേ ട്രാക്കുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇടിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് കന്നുകാലികളെ ഇടിച്ച് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗതയിലാണ് വന്ദേഭാരത് എക്സ്പ്രസുകളുടെ ഓട്ടം. ട്രാക്കിലേക്ക് കയറുന്ന കന്നുകാലികളെ രക്ഷിക്കാൻ നിർവാഹമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.