മോദിക്കെതിരായ ഭീഷണിസന്ദേശം വ്യാജം; അയല്‍ക്കാരനെ കുടുക്കാൻ കത്ത്, അറസ്റ്റിൽ
കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി…
കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസി ജോസഫ് ജോണിന്റെ (ജോണി– 75) പേരില്‍ പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് കത്തയച്ചത്. സേവ്യറിന്റെ കയ്യക്ഷരം ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ജോസഫ് ജോണിന്റെ പേരും മൊബൈൽ നമ്പറുമാണ് കത്തിലുണ്ടായിരുന്നത്. കയ്യക്ഷരം തന്റേതല്ലെന്നും സേവ്യറുടേതുമായി സാമ്യമുണ്ടെന്നും ജോണി പൊലീസിനെ അറിയിച്ചിരുന്നു. സേവ്യർ മുൻപെഴുതിയ സമാന സ്വഭാവമുള്ള കത്ത് കൈമാറുകയും ചെയ്തു. നാട്ടുകാരിൽ ചിലരും സേവ്യറിനെതിരെ മൊഴി നൽകി.
പള്ളി പ്രാർഥനാ ഗ്രൂപ്പ് യോഗത്തിൽ വരവുചെലവു കണക്കുകൾ സംബന്ധിച്ചു തർക്കമുണ്ടായെന്നും ‘ഇതിനു വിവരമറിയും’ എന്നു സേവ്യർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ജോണി പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ 18നാണു തപാലിൽ കത്ത് ലഭിച്ചത്.