‘ഡയലോഗ് ഒക്കെ നന്നായി പറഞ്ഞു, ഇനി അഭിനയിക്ക്’, അന്ന് മോഹൻലാൽ പറഞ്ഞത് കേട്ട് കിളിപോയി: ഷാജോണ്‍

സിനിമാജീവിതത്തിലെ വളരെ രസകരമായ എന്നാൽ അഭിനയ ജീവിതത്തിൽ ഏറെ ഗുണപ്രദമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു സംഭവമാണ്…

By :  Editor
Update: 2023-04-20 05:03 GMT

സിനിമാജീവിതത്തിലെ വളരെ രസകരമായ എന്നാൽ അഭിനയ ജീവിതത്തിൽ ഏറെ ഗുണപ്രദമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു സംഭവമാണ് നടൻ ഓർത്തെടുത്തത്. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കലാഭവൻ ഷാജോൺ അക്കാര്യം വ്യക്തമാക്കിയത്. മിമിക്രിയും സിനിമ അഭിനയവും ഒരു പോലെയാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ആ ചിന്ത മാറ്റി തന്നത് മോഹൻലാൽ ആണെന്നും വ്യക്തമാക്കുകയാണ് കലാഭവൻ ഷാജോൺ.

സിദ്ദിഖിന്റെ ആലീസ് ആൻഡ് ജെന്റിൽമാൻ സിനിമയിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്ത്, ഡ്രൈവർ, മാനേജർ തുടങ്ങിയതെല്ലാം ചെയ്യുന്ന വ്യക്തി ആയിട്ടായിരുന്നു കലാഭവൻ ഷാജോണിന്റെ കഥാപാത്രം. ഒരു സീനിൽ മോഹൻലാലിന് ഡയലോഗില്ല. അതുകൊണ്ടു തന്നെ ഇന്ന് ലാലേട്ടനെ ‌ഞെട്ടിച്ചിട്ടേ കാര്യമുള്ളൂ , പൊളിച്ചടുക്കും എന്നൊക്കെ താൻ ഉള്ളിൽ ചിന്തിച്ചെന്ന് കലാഭവൻ ഷാജോൺ പറഞ്ഞു.

മിമിക്രി ചെയ്ത് ശീലമായത് കൊണ്ട് ഡയലോഗ് പഠിക്കുന്നത് തനിക്ക് എളുപ്പമായിരുന്നെന്നും അങ്ങനെ ഡയലോഗ്സ് എല്ലാം പഠിച്ചിട്ട് റിഹേർസൽ സമയത്ത് കാണാതെ പറഞ്ഞു. ഡയലോഗ് പറഞ്ഞു തീരുമ്പോൾ മോഹൻലാൽ വന്ന് അഭിനന്ദിക്കും എന്നായിരുന്നു കരുതിയത്. റിഹേ‍ർസൽ കഴിഞ്ഞ് മോഹൻലാലിനെ നോക്കിയപ്പോൾ, ഡയലോഗ് എല്ലാം കാണാതെ പഠിച്ചു പറഞ്ഞു,

എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. മോന്‍ ഡയലോഗൊക്കെ പറഞ്ഞു. ഇനി അഭിനയിക്ക് എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അല്ലാ ഞാന്‍ അഭിനയിച്ചു എന്ന് പരുങ്ങി പറഞ്ഞപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം

നമ്മള്‍ ഒരു ഡയലോഗ് പറഞ്ഞുകഴിഞ്ഞാല്‍ അതിന് ഗ്യാപ് ഇടേണ്ട ഒരു സ്ഥലമുണ്ട്. ചേട്ടന്‍ ഇങ്ങനെ വന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മോന്‍ ഒരു ഗ്ലാസില്‍ ഇത് ഒഴിച്ചുതരണം. അപ്പോള്‍ ചേട്ടന്‍ ഇങ്ങനെ നോക്കും അപ്പോള്‍ മോന്‍ ഡയലോഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ചുതരണം. ഞാന്‍ ആ ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ...സിനിമ അഭിനയത്തിന്റെ ഫുൾ കാര്യങ്ങൾ അന്ന് വിശദീകരിച്ച് തന്നെന്നും സിനിമയ്ക്ക് ഒരു ലൈഫ് ഉണ്ടെന്ന് തനിക്ക് മനസിലായത് അന്നാണെന്നും ഷാജോൺ പറഞ്ഞു.

Tags:    

Similar News