ലാവ്‍ലിൻ കേസ് സുപ്രീംകോടതി 33-ാമതും മാറ്റിവച്ചു; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ന്യൂഡൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടർന്നാണ് ഇത്. ഹൈക്കോടതിയില്‍ കേസ് കേട്ടതിനാലാണ്…

By :  Editor
Update: 2023-04-24 02:41 GMT

ന്യൂഡൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടർന്നാണ് ഇത്. ഹൈക്കോടതിയില്‍ കേസ് കേട്ടതിനാലാണ് പിന്മാറ്റം. 33-ാം തവണയാണ് ലാ‌വ്‌വിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുന്നത്.

കേസിൽ, ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21–ാം നമ്പർ കേസായാണ് ലാവ്‍ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മു‍ൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകിയിരുന്നു.

32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതിരുന്ന ഹർജി 5 മാസത്തിനു ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2018 ജനുവരിയിൽ ഹർജിയിൽ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവിൽ ലിസ്റ്റ് ചെയ്തത്. അന്നും പരിഗണിച്ചില്ല.

Tags:    

Similar News