തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു; പൊട്ടിത്തെറിച്ചത് 3 വർഷം മുൻപ് വാങ്ങിയ ഫോൺ
തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം.…
;തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. വിഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്നു വർഷം മുൻപു പാലക്കാട്ടുനിന്നു വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പൊലീസ് നിഗമനം.
പഴയന്നൂർ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ദർ എത്തിയ ശേഷം മേൽ നടപടികൾ സ്വീകരിക്കും.
സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.