എഐ കാമറ ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് വിട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഇടപാടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍…

By :  Editor
Update: 2023-04-26 02:20 GMT

തിരുവനന്തപുരം: വിവാദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഇടപാടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കിയത്.

മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അഞ്ച് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സ്വകാര്യ വ്യക്തി പരാതി നല്‍കിയത്. പദ്ധതിയെ കുറിച്ച് ആലോചന നടക്കുന്ന സമയത്ത രാജീവ് പുത്തലത്ത് ആയിരുന്നു ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇടപാടില്‍ രാജീവ് പുത്തലത്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പരാതി.

എഐ കാമറ പദ്ധതിയുടെ തുടക്കം മുതല്‍ ഉയര്‍ന്ന വിവാദങ്ങളില്‍ രേഖകളില്‍ ഒരിടത്തും പേരില്ലാത്ത ആളാണ് രാജീവ് പുത്തലത്ത്. അദ്ദേഹത്തിനെതിരെ മാത്രമായി അന്വേഷണം നടത്തി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് സംശയം. ആരോപണം നടന്ന ഇടപാടുകളെ കുറിച്ചൊന്നും അന്വേഷണത്തില്‍ ആവശ്യപ്പെടുന്നുമില്ല.

പദ്ധതി ഉത്ഘാടനം ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങളും കെല്‍ട്രോണും ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു.

Tags:    

Similar News