സ്വയംഭരണാവകാശ സംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാന്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ തയാറാണ്: എംകെ സ്റ്റാലിന്‍
ചെന്നൈ: സംസ്ഥാന സ്വയംഭരണാവകാശ സംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാന്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ തയാറാണെന്നും തങ്ങളെ വിരട്ടാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍. ഡി.എം.കെ നടത്തുന്ന…
ചെന്നൈ: സംസ്ഥാന സ്വയംഭരണാവകാശ സംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാന്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ തയാറാണെന്നും തങ്ങളെ വിരട്ടാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍. ഡി.എം.കെ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ മുന്നറിയിപ്പിന് തിരിച്ചടിയായാണ് ഡിഎംകെ നേതാവ് രംഗത്തു വന്നിരിക്കുന്നത്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നാല്‍ ഏഴുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടെന്ന് കഴിഞ്ഞദിവസം രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചിരുന്നു.
നാമക്കലില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ 192 ഡി എം കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡി എം കെ നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
തങ്ങള്‍ ധാരാളം നേതാക്കള്‍ക്ക് കരിങ്കൊടി കാണിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ഉള്‍പ്പടെ എന്നാലും ഇത്തരത്തില്‍ ഡി എം കെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ചരിത്രമുണ്ടായിട്ടില്ല. അതിനാല്‍ ഗവര്‍ണര്‍ രാജിവയക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പളനിസ്വാമിയും, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ഒരിക്കലും ഗവര്‍ണര്‍ക്ക് എതിരെ തിരിയില്ലെന്നും കാരണം അവരുടെ അഴിമതിയെ കുറിച്ച് ഗവര്‍ണര്‍ക്ക് നല്ല ബോധ്യമുണ്ടെന്നും സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ബന്‍വാരിലാല്‍ പുരോഹിത് ഗവര്‍ണറായി ചുമതലയേറ്റെടുത്തതിനുശേഷം വിവിധ ജില്ലകളില്‍ പര്യടനം നടത്തി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചുകൂട്ടുന്നത് പതിവായതോടെയാണ് ഡി.എം.കെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുള്ളപ്പോള്‍ ഗവര്‍ണറുടെ ഇത്തരം ഇടപെടല്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം, ബി.ജെ.പിയുമായും കേന്ദ്ര സര്‍ക്കാറുമായും സൗഹൃദ സമീപനം കൈക്കൊള്ളുന്ന തമിഴ്‌നാട് സര്‍ക്കാറും അണ്ണാ ഡി.എം.കെയും ഗവര്‍ണറുടെ നടപടികളില്‍ തെറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍, തമിഴ്‌നാട് സര്‍ക്കാറിന്റെ വകുപ്പുതല പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു