തുണി ഇറക്കുമതി ബിസിനസിന്റെ പേരിൽ 2.25 കോടി രൂപ തട്ടിയ യുവതി പിടിയിൽ
ആലപ്പുഴ: വസ്‌ത്രം ഇറക്കുമതി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കായംകുളം സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശിയായ യുവതി അറസ്‌റ്റില്‍. ചങ്ങനാശേരി പെരുന്ന കിഴക്ക് കിഴക്കേകുടില്‍ വീട്ടില്‍നിന്നും…
ആലപ്പുഴ: വസ്‌ത്രം ഇറക്കുമതി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കായംകുളം സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശിയായ യുവതി അറസ്‌റ്റില്‍.
ചങ്ങനാശേരി പെരുന്ന കിഴക്ക് കിഴക്കേകുടില്‍ വീട്ടില്‍നിന്നും തൃക്കൊടിത്താനം പൊട്ടശേരി ഭാഗത്ത് മാവേലി മറ്റം മുറിയില്‍ തൈപ്പറമ്പില്‍ വീട്ടില്‍ സജന സലിം (41) ആണ് അറസ്‌റ്റിലായത്.
ബല്‍ഹോത്ര എന്ന സ്‌ഥലത്ത് വസ്‌ത്രം ഇറക്കുമതി ചെയ്‌ത് ഹോള്‍സെയില്‍ കച്ചവടമുണ്ടെന്നും അതില്‍ പങ്കാളിയാക്കി ലാഭ വിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ചു കായംകുളം കീരിക്കാട് സ്വദേശിയില്‍നിന്നു രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പണം സ്വീകരിക്കുകയും ആദ്യ കാലങ്ങളില്‍ കൃത്യമായി ലാഭ വിഹിതം നല്‍കി വിശ്വാസം പിടിച്ചുപറ്റിയശേഷം കൂടുതല്‍ തുക വാങ്ങുകയുമാണ് ഇവര്‍ ചെയ്‌തത്. ഒന്നാം പ്രതിയായ സജനയെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. സജനയുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ അനസ് വിദേശത്താണ്. സജനക്കെതിരേ കായംകുളം, ചങ്ങനാശേരി കോടതികളില്‍ ചെക്ക് കേസുകള്‍ നിലവിലുണ്ട്.
കായംകുളം ഡിവൈ.എസ്. പി. അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശിവപ്രസാദ്, എ.എസ്.ഐ. റീന, പോലീസുകാരായ സബീഷ്, സുന്ദരേഷ് കുമാര്‍, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.