ആലപ്പുഴയിൽ വിജയദശമി ആഘോഷത്തിനിടെ നഴ്സിങ് വിദ്യാർഥിയുടെ മുടി മുറിച്ചു; പരാതി നല്‍കി കുടുംബം
By : Evening Kerala
Update: 2024-10-13 10:30 GMT
ആലപ്പുഴ∙ പ്രീതികുളങ്ങരയിൽ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ആരാണ് ചെയ്തതെന്നു വ്യക്തമല്ല. നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമല്ല. തദ്ദേശവാസികളുൾപ്പെടുന്നവരാണ് ക്ലബിലെ പരിപാടിക്ക് എത്തിയത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കുടുംബത്തോടു വൈരാഗ്യമുള്ളവരാണോയെന്ന സംശയവും ഉയരുന്നുണ്ട്. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.