വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും; 80 പൈസ വരെ കൂട്ടണമെന്ന് നിർദേശം

തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിർദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ്…

By :  Editor
Update: 2023-05-15 23:57 GMT

തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിർദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് നിർദേശം. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടി. പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങി.

നാലു മേഖലകളായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അവസാന തെളിവെടുപ്പ് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിലായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ്, അംഗങ്ങളായ ബി.പ്രദീപ്, എ.ജെ.വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതു തെളിവെടുപ്പ്. ഇനി കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ്. തെളിവെടുപ്പിൽ ഉപഭോക്താക്കൾ, വ്യവസായ–വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.

വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് വർധന ഒഴിവാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഹരിത താരിഫ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പരാതികളും കമ്മിഷൻ കേട്ടു. നിലവില്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News