ബെംഗളുരുവില്‍ കനത്തമഴ, ആലിപ്പഴവർഷം; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ 23-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി ബാനുരേഖയാണ്…

By :  Editor
Update: 2023-05-21 10:54 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ 23-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി ബാനുരേഖയാണ് മരിച്ചത്. ബെംഗളൂരുവിലെ കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലാണ് ബാനുരേഖയും കുടുംബവും സഞ്ചരിച്ച കാര്‍ മുങ്ങിയത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ മറ്റു അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഈ കുടുംബം. ബെംഗളൂരു ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ബാനുരേഖ കുടുംബത്തോടൊപ്പം അവധി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാറില്‍ നഗരത്തില്‍ ചുറ്റിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ബാനുരേഖയുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചു. 'ഡ്രൈവറടക്കം കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. സ്ഥലങ്ങള്‍ കാണുന്നതിനായി കാര്‍ വാടകയ്‌ക്കെടുത്തതാണ്. അടിപ്പാതയ്ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കനത്ത മഴയിലും കാറ്റിലും ഇത് താഴെ വീണിരുന്നു. ഒരിക്കലും ഇതിലൂടെ കാര്‍ ഓടിക്കാന്‍ പാടില്ലായിരുന്നുവെങ്കിലും വെള്ളക്കെട്ടിലൂടെ ഓടിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഇതിനിടെ കാറിന്റെ ഗ്ലാസ് തകര്‍ന്നു, ഇതോടെ വെള്ളം അകത്തേക്ക് കയറി ഡോറുകള്‍ തുറക്കാന്‍ പറ്റാത്ത സ്ഥിതിയിലായി.ബാനുരേഖ ഒരുപാട് വെള്ളംകുടിച്ചിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും അവര്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു' ആശുപത്രി സന്ദര്‍ശിച്ച ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ബാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവും കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇതിനിടെ ബാനുരേഖയ്ക്ക് അടിയന്തര ചികിത്സ ആശുപത്രി അധികൃതര്‍ നിഷേധിച്ചെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ എടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

കാര്‍ കുടുങ്ങുന്ന സമയത്ത് മുങ്ങുന്ന വെള്ളം അടിപ്പാതയിലുണ്ടായിരുന്നില്ല. നിലക്കാതെ പെയ്ത മഴയിലും ആലിപ്പഴവര്‍ഷത്തിലും വെള്ളത്തിന്റെ നില ഉയര്‍ന്നുതുടങ്ങി. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് ആളുകള്‍ ഇങ്ങോട്ടേക്കെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സാരിയും കയറും ഇട്ട് നല്‍കിയെങ്കിലും ഇതില്‍ പിടിച്ച് കയറാന്‍ സാധിച്ചില്ല. രണ്ടു പേരെ നീന്തല്‍ വിദഗ്ധരാണ് രക്ഷപ്പെടുത്തിയത്. കോണി കൊണ്ടുവന്നാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. എല്ലാവരേയും പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ കുടുങ്ങിയ കെ.ആര്‍.സര്‍ക്കിള്‍ അടിപ്പാതയില്‍ മറ്റൊരു ഓട്ടോറിക്ഷയും കുടുങ്ങി. വാഹനത്തിന് മുകളില്‍ കയറിയാണ് ഇതിലുണ്ടായിരുന്ന യാത്രിക രക്ഷപ്പെട്ടത്.

Tags:    

Similar News