കോഴിക്കോട്ട് ദമ്പതികള്‍ക്കു നേരെ ആക്രമണം: ആക്രമിച്ചതും അസഭ്യം പറഞ്ഞതും നടുവട്ടം സ്വദേശി അജ്മൽ, കസ്റ്റഡിയിൽ
കോഴിക്കോട് : നഗരത്തിൽ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളിൽ ഒരാളെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ.പി.മുഹമ്മദ് അജ്മൽ എന്നയാളെയാണ് തിരിച്ചറിഞ്ഞത്.…
കോഴിക്കോട് : നഗരത്തിൽ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളിൽ ഒരാളെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ.പി.മുഹമ്മദ് അജ്മൽ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അശ്വിനെ ആക്രമിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.
‘ആളെ തിരിച്ചറിഞ്ഞു. കൂടെയുള്ള 4 പേരെയും കണ്ടു. അവർ മർദിക്കാൻ വന്നയാളെ പിടിച്ചുവയ്ക്കുകയേ ചെയ്തുള്ളൂ. മർദിച്ചയാളെ മനസ്സിലായി’– അശ്വിൻ പറഞ്ഞു. സംഭവത്തിൽ, അഞ്ച് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അശ്വിന്റെ മൊഴി പ്രകാരം മറ്റു നാലുപേർക്ക് കൃത്യത്തിൽ പങ്കില്ല.
‘‘കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല.’’– അശ്വിൻ പറഞ്ഞു.
മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾപ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകിയെന്ന് അശ്വിൻ വ്യക്തമാക്കി.