ഹിജാബ് നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കർണ്ണാടക സർക്കാർ ; നിരോധനം പിൻവലിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും
ബംഗളൂരു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കർണ്ണാടക സർക്കാർ. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആംനസ്‌റ്റി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. വിദ്യാഭ്യാസ…
ബംഗളൂരു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കർണ്ണാടക സർക്കാർ. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആംനസ്‌റ്റി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടനടി പിൻവലിക്കണം. മനുഷ്യാവകാശങ്ങൾക്കായി മൂന്ന് മുൻഗണന നടപടികൾ കൈക്കൊള്ളണം എന്നിങ്ങനെയാണ് ആംനസ്‌റ്റി ഇന്ത്യ ട്വീറ്ററിലൂടെ കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടത്.
” നിലവിൽ പ്രാബല്യത്തിലുള്ള ഹിജാബ് നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്, ഭാവിയിൽ സർക്കാർ അത് പരിശോധിക്കും, ഇപ്പോൾ, കർണാടകയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകിയ അഞ്ച് ഉറപ്പുകൾ നിറവേറ്റേണ്ടതുണ്ട്, “. , കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞു.
എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസ് പറഞ്ഞു. “വ്യക്തി സ്വാതന്ത്ര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ല. ബിജെപി അങ്ങനെ ചെയ്‌തെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്” ഈ വിഷയത്തിൽ ഭാവിയിലെ ഏത് നടപടിയും ഭരണഘടനാ പരിധിക്കുള്ളിൽ തന്നെ നടപ്പാക്കുമെന്ന് ഹാരിസ് പറഞ്ഞു.
ഇത് നയപരമായ പ്രശ്‌നമാണെന്നും, ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നിയമപരമായ വഴികൾ ആരായുമെന്നും മന്ത്രി പ്രിയങ്ക് ഖാർഗെയും പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിർബന്ധമാണെന്നും ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തരുതെന്നും ബിജെപി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കർണാടക ഹൈക്കോടതിയും തീരുമാനം ശരിവെയ്ക്കുകയായിരുന്നു. അതേസമയം ഹിജാബ് നിരോധനം പിൻവലിക്കാനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കത്തെ എതിർക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ആർ അശോക് പറഞ്ഞു.