കോഴിക്കോട്ടെ കൊലപാതകം: ഹോട്ടലില്‍വച്ച് കൊന്ന് കഷ്ണങ്ങളാക്കിയെന്ന് സൂചന; യുവതി ബാഗുമായി കാറില്‍

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ‌…

By :  Editor
Update: 2023-05-26 01:46 GMT

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ‌ എന്ന് സംശയിക്കുന്നവർ‌ പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ഈ മാസം 18നാണ് സിദ്ദീഖിനെ കാണാതാകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദീഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ജി 4ൽ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നു. 19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ‌ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. കാർ പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറുന്നതും കാർ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാൾ കാറിൽ ഉണ്ടെന്നാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പല ചോദ്യങ്ങള്‍ക്കും ഇപ്പോൾ ഉത്തരം കിട്ടിയിട്ടില്ല. ഹോട്ടല്‍ വ്യാപാരിയെ കൊല്ലാന്‍ കാരണമെന്ത്?, എങ്ങനെ കൊലപ്പെടുത്തി, ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കം എന്തായിരുന്നു, പണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നോ കൊലപാതകം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഇനിയും ഉത്തരം കിട്ടാനുള്ളത്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതോടെ വരുംമണിക്കൂറുകളില്‍ ഇതുസംബന്ധിച്ചെല്ലാം വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. ചെന്നൈയില്‍ പിടിയിലായ രണ്ടുപ്രതികളെയും വെള്ളിയാഴ്ച വൈകിട്ടോടെ തിരൂരില്‍ എത്തിക്കും. ഇതിനുശേഷം വിശദമായ ചോദ്യംചെയ്യലുണ്ടാകും.

മേയ് 18-ാം തീയതി മുതല്‍ ഹോട്ടലുടമയായ സിദ്ദിഖിനെ കാണാതായിരുന്നു. സിദ്ദീഖ് തിരൂരിലെ വീട്ടിലായിരിക്കുമെന്ന് ഹോട്ടല്‍ ജീവനക്കാരനും സിദ്ദിഖ് കോഴിക്കോടുണ്ടാകുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍, തൊട്ടടുത്തദിവസങ്ങളില്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. മാത്രമല്ല, സിദ്ദിഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി രണ്ടുലക്ഷത്തോളം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന വിവരം സ്ഥിരീകരിക്കുകയും തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന് സിദ്ദഖിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപാതകം നടത്തിയ ശേഷം രണ്ടായി മുറിച്ച മൃതദേഹവുമായി പ്രതികള്‍ അട്ടപ്പാടിയിലേക്ക് യാത്ര ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഈ യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍വെച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചിട്ടുള്ളത്. യു.പി.ഐ. വഴിയും എ.ടി.എം. കാര്‍ഡ് വഴിയും പണം പിന്‍വലിച്ചതായാണ് വിവരം. ഇതിനുശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികള്‍ ഒന്‍പതാംവളവില്‍നിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിയുകയായിരുന്നു.

സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്നാണ് സൂചന. സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. സിദ്ദീഖിനൊപ്പം ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെ ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍വെച്ചാണ് ഷിബിലിയെയും ഫര്‍ഹാനയെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതോടെ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായി ഇവര്‍ വെളിപ്പെടുത്തി.മേയ് 26 വെള്ളിയാഴ്ച രാവിലെ അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ട്രോളിബാഗുകളും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മലപ്പുറം എസ്.പി. അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ രണ്ട് ബാഗുകളും പുറത്തെടുക്കുകയും ഇതിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവര്‍ക്ക് പുറമേ ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖ്, ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂര്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ പിടിയിലായ ഫര്‍ഹാനയെ കാണാനില്ലെന്ന് പറഞ്ഞ് മേയ് 23-ാം തീയതി വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ഉറങ്ങികിടന്ന മകളെ പിന്നീട് കാണാതായെന്നായിരുന്നു പരാതി. ഇതിനുപിന്നാലെയാണ് പോലീസ് സംഘം ഫര്‍ഹാനയുടെ വീട്ടിലെത്തി സഹോദരന്‍ ഗഫൂറിനെയും പിതാവ് വീരാനെയും കസ്റ്റഡിയിലെടുത്തത്. ഫര്‍ഹാനയെ കാണാനില്ലെന്ന് പരാതി നല്‍കിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാകും പോലീസ് ഇരുവരെയും കൊണ്ടുപോയതെന്നായിരുന്നു നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം വീരാനെ പോലീസ് തിരികെ എത്തിച്ചിരുന്നെങ്കിലും സഹോദരനെ വിട്ടയച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കേരളത്തെ നടുക്കിയ കൊലക്കേസില്‍ ഫര്‍ഹാനയുടെ പങ്കും പുറത്തുവരുന്നത്.

Tags:    

Similar News