പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി 'ജയിച്ചു'; വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ച് മുന്‍ എസ്.എഫ്.ഐ. വനിത നേതാവ്
കൊച്ചി: പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ചതായി രേഖ. വിവാദമായപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ഡിസംബറില്‍…
കൊച്ചി: പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ചതായി രേഖ. വിവാദമായപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. ആര്‍ക്കിയോളജി പരീക്ഷയിയില്‍ ആര്‍ഷോ ജയിച്ചെന്നാണ് കോളജിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇന്റേണല്‍, എക്‌സ്‌റ്റേണല്‍ മാര്‍ക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സെമസ്റ്ററിലെ ആകെ മാര്‍ക്ക് പൂജ്യം എന്നുമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ആര്‍ഷോ പാസായി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷനടക്കുമ്പോള്‍ ഒരു കേസില്‍പ്പെട്ട് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു ആര്‍ഷോ. പരീക്ഷാ ഫലവും മറ്റു വിവരങ്ങളും പുറത്തുവന്നതോടെ സംഭവം വിവാദമായി. പിന്നാലെ സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളജ് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ആര്‍ഷോ തോറ്റതായി രേഖപ്പെടുത്തുകയും ചെയ്തു.
സ്വയംഭരണ പദവിയുള്ളതാണ് മഹാരാജാസ് കോളജ്. ആര്‍ഷോ 'ജയിച്ചത്' ക്‌ളറിക്കല്‍ പിശക് എന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചത്. താന്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന് ആര്‍ഷോയും പറഞ്ഞു. എഴുതാത്ത പരീക്ഷ വിജയിപ്പിക്കുന്നത് എന്തിനാണെന്നും ഇതിന്റെ പിന്നിലെന്താണെന്നും അറിയില്ലെന്നും ആര്‍ഷോ വ്യക്തമാക്കുന്നു. സാങ്കേതിക പിഴവാണോ അതോ ബോധപൂര്‍വം സൃഷ്ടിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഇന്നലെ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മഹാരാജാസ് കോളജില്‍ ഗസ്റ്റ് അധ്യാപികയായിരുന്നുവെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ച മുന്‍ എസ്.എഫ്.ഐ. വനിത നേതാവ് കുടുങ്ങി. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മണിയനോടി കെ. വിദ്യയാണ് വ്യാജരേഖ ചമച്ചത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ വിദ്യ ഇവിടെത്തന്നെ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായി പഠിപ്പിച്ചിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് സൃഷ്ടിച്ചത്. 2020 മേയ് മുതല്‍ 2021 മാര്‍ച്ച്‌വരെ മഹാരാജാസ് കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നുവെന്നാണ് വ്യാജസര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി മഹാരാജാസ് കോളജില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മഹാരാജാസ് കോളജിന്റെയും വകുപ്പുമേധാവിയുടെ ഒപ്പും സീലും വ്യാജമായിട്ടാണ് ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തി.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ പാലക്കാട്ട് സര്‍ക്കാര്‍ കോളജിലും കാസര്‍ഗോഡ് കരിന്തളം സര്‍ക്കാര്‍ കോളജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. 2022 ജൂണ്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയാണ് കരിന്തളം കോളജില്‍ ജോലി ചെയ്തത്. അപ്പോഴൊന്നും വ്യാജസര്‍ട്ടിഫിക്കറ്റിലാണ് ജോലിതരപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നിരുന്നില്ല.
ഏതാനും നാള്‍ മുമ്പ് എറണാകുളത്തുള്ള ഒരു കോളജില്‍ ഗസ്റ്റ് ലക്ചററായി അപേക്ഷിച്ചിരുന്നുവെങ്കിലും മഹാരാജാസിലെ പൂര്‍വാധ്യാപിക ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്നതിനാല്‍ വ്യാജരേഖ കാണിച്ചില്ല. ഇതിനുശേഷമാണ് അട്ടപ്പാടി കോളജില്‍ ഇന്റര്‍വ്യൂവിനെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് സുഹൃത്തുകൂടിയായ എസ്.എഫ്.ഐ. സംസ്ഥാന നേതാവാണെന്ന് കെ.എസ്.യു. ആരോപിച്ചു.