ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങി; പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തിയത് യഥാർത്ഥ ഉടമയ്ക്ക്; കള്ളനെ കുടുക്കി എഐ ക്യാമറ
തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. തിരുവനന്തപുരം വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യ(53)നെയാണ് പോലീസ് പിടികൂടിയത്.…
തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. തിരുവനന്തപുരം വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യ(53)നെയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50ലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച സ്‌കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർത്ഥ ഉടമയ്ക്ക് ലഭിച്ചതോടെയാണ് ഇയാൾ പിടിയിലാകുന്നത്.
വിവിധ കേസുകളിൽ പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ ഇക്കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങുന്നത്. പിന്നാലെ ഇയാൾ മൂന്നോളം വാഹനങ്ങൾ മോഷ്ടിക്കുകയും വീടുകളിൽ കയറി കവർച്ച നടത്തുകയും വഴിയിൽ കൂടി പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് ഏപ്രിൽ ആദ്യം ഇയാൾ മല്ലപ്പള്ളി ആനിക്കാട് റോഡിലെ കെ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് 31,500 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ മോഷ്ടിച്ച വാഹനത്തിൽ തിരുവനന്തപുരത്ത് പാങ്ങോട് ഭാഗത്ത് ഹെൽമെറ്റ് വെക്കാതെ ഇയാൾ സ്‌കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ ഫോണിലേക്കെത്തി. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. പ്രതിയുടെ ചിത്രം സഹിതം പോലീസിന് കൈമാറിയതോടെ രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.