ഖാലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു; ശരീരത്തിൽ വിഷത്തിന്റെ അംശം; ഹൈക്കമ്മിഷൻ ആക്രമണത്തിലെ പ്രമുഖൻ
ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു. മരണകാരണം വ്യക്തമല്ല. രക്താർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു…
ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു. മരണകാരണം വ്യക്തമല്ല. രക്താർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു അവതാർ സിംഗ് ഖണ്ഡ. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ വിഷം കഴിച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ, ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായിയായ ഇയാളുടെ നേതൃത്വത്തിലാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഖാലിസ്ഥാൻ ഭീകരനായ കുൽവന്ത് സിംഗിന്റെ മകനാണ് അവതാർ സിംഗ് ഖണ്ഡ. 2007ൽ പഠന വിസയിൽ യുകെയിൽ എത്തിയ ഇയാൾ പിന്നീട് അവിടെ തുടരുകയായിരുന്നു. 2020 ജനുവരിയിൽ കെഎൽഎഫ് നേതാവായിരുന്ന ഹർമീത് സിംഗ് പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖണ്ഡ ആ സ്ഥാനം ഏറ്റെടുക്കുന്നത്. പഞ്ചാബ്, യുകെ, കാനഡ, യുഎസ്, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ നിർത്തുക എന്നതായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം.
രഞ്ജൻ സിംഗ് എന്ന പേരിലാണ് ഇയാൾ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ദീപ് സിദ്ദുവിന്റെ മരണത്തിന് ശേഷം അമൃത്പാൽ സിംഗിനെ ആ സ്ഥാനത്തേക്ക് എത്തിക്കാൻ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ഖണ്ഡ. മാർച്ച് 19ാം തിയതി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ഇയാൾ. ഖാലിസ്ഥാനി അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ യുകെ തലസ്ഥാനത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ വാദികൾ ദേശീയ പതാക വലിച്ചെറിയുകയും ചെയ്തിരുന്നു. അമൃത്പാൽ സിംഗിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധ പ്രകടനമായിരുന്നു ഇത്.