കാലിക്കറ്റില്‍ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ ലിങ്കിലൂടെ ജൂൺ 22ന്…
;തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ ലിങ്കിലൂടെ ജൂൺ 22ന് വൈകീട്ട് അഞ്ച് വരെ അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission?pages=ug.
നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഒഴികെ) 22ന് വൈകീട്ട് മൂന്ന് വരെ അവസരമുണ്ടാകും. ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും എഡിറ്റ്/ അണ്‍ലോക്ക് എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
എഡിറ്റ്/ അണ്‍ലോക്ക് ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍നിന്ന് പുറത്താക്കപ്പെടും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റെഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കൂ.
തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമായതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നല്കുന്ന മാര്‍ക്ക് കൃത്യമാണെന്നും, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, ആര്‍ട്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്ടു തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തണം.
2022, 2023 വര്‍ഷങ്ങളില്‍ വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യു.എഫ് സ്കീമില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ എന്‍.എസ്.ക്യു.എഫ് ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.