ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി
ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക്…
;ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ആപ്പിൾ ചർച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ പ്രാഥമിക ചർച്ചകൾ നടത്തിയ ടെക് ഭീമൻ, തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.
ഐ.എ.എൻ.എസ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് മറ്റ് ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്ക് സമാനമായി ‘ആപ്പിൾ പേ’ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മുഖേന പേയ്‌മെന്റുകൾ നടത്താനും ഉടൻ കഴിഞ്ഞേക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം ആപ്പിൾ പേയുമായി ബന്ധിപ്പിക്കാൻ കഴിയും. ഫേസ് ഐഡി ഉപയോഗിച്ചും പണമിടപാട് നടത്താം
അടുത്തിടെ ആപ്പിൾ സി.ഇ.ഓ ടിം കുക്ക് ആപ്പിൾ പേയുടെ ലോക്കലൈസേഷന്റെ ഭാഗമായി ഇന്ത്യൻ ബാങ്കുകാരുമായി കൂടികാഴ്ചനടത്തിയിരുന്നു. ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് കൂപ്പർട്ടിനോ ഭീമൻ.
അതേസമയം, ആപ്പിൾ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പുറത്തിക്കാൻ പോവുകയാണ്. ആപ്പിൾ കാർഡ് പുറത്തിറക്കാനുള്ള ചർച്ചകൾക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ എം.ഡി ശശിദർ ജഗ്ദീഷനുമായി ആപ്പിൾ മേധാവി ടിം കുക്ക് ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ചർച്ച.