”ക്വാറി നടത്തണോ.. രണ്ട് കോടി വേണം”: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി ഫോൺകോൾ പുറത്ത്
കോഴിക്കോട് : പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ക്വാറി നടത്തണമെങ്കിൽ രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച്…
കോഴിക്കോട് : പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ക്വാറി നടത്തണമെങ്കിൽ രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
രണ്ട് വീടുകൾ കൈമാറാനും പരാതി പിൻവലിക്കാനും 2 കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. രണ്ട് കോടി വലിയ തുകയാണെന്നും സാധാരണ വീടും സ്ഥലവും വാങ്ങുന്നത് പോലെ അല്ലെന്നും ഇയാൾ പറയുന്നുണ്ട്. വീടുകൾക്ക് ഒരു കോടി വില വരില്ലെന്ന് ക്വാറി കമ്പനിയുടെ പ്രതിനിധി പറഞ്ഞപ്പോൾ, ബ്രാഞ്ച് സെക്രട്ടറി അത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മങ്കയത്തെ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ആറ് മാസം മുൻപ് ക്വാറി നടത്തിപ്പിനെതിരെ വിജിലൻസിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്ന് ക്വാറി ഉടമകളെ വിജിലൻസ് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ട് വീടുകളടക്കം രണ്ട് കോടി രൂപ തന്നാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞുകൊണ്ട് സിപിഎം നേതാവ് രംഗത്തെത്തിയത്.
https://youtu.be/CIs7FKWlniA
വിജിലൻസിന് നൽകാനിരിക്കുന്ന തെളിവുകൾ കൈമാറാമെന്നും പരാതിയുമായി മുന്നോട്ട് പോകില്ലെന്നും ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്. ഇത് വലിയ തുകയാണെന്ന് പറഞ്ഞപ്പോൾ പിന്നീട് ഒരു പ്രശ്‌നവും വരാതെ നോക്കിക്കോളാം എന്നും ബ്രാഞ്ച് സെക്രട്ടറി ഉറപ്പ് നൽകുന്നത് കേൾക്കാം.
സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി. കാര്യങ്ങൾ പരിശോധിച്ച് വരുന്നതേയുള്ളുവെന്നും സിപിഎം നേതൃത്വം അറിയിച്ചു.