ഉണരൂ ഡൽഹിക്കാരേ, സൗജന്യങ്ങളുടെ വില ഇതാണ്; വികസനത്തിനുളള പണം പരസ്യത്തിന് ചിലവഴിച്ചതിന്റെ ഫലമാണ് ഈ സാഹചര്യം " കെജ് രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി; യമുനയിൽ വെളളം ഉയർന്ന് ഡൽഹി നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിലായതിന് പിന്നാലെ കെജ് രിവാൾ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. രാജ്യതലസ്ഥാനം വെളളത്തിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം…

By :  Editor
Update: 2023-07-13 07:18 GMT

ന്യൂഡൽഹി; യമുനയിൽ വെളളം ഉയർന്ന് ഡൽഹി നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിലായതിന് പിന്നാലെ കെജ് രിവാൾ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. രാജ്യതലസ്ഥാനം വെളളത്തിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം കേന്ദ്രസർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ച് കെജ് രിവാൾ കത്ത് നൽകിയത് രാഷ്ട്രീയ ആക്രമണത്തിൽ നിന്ന് രക്ഷപെടാനാണെന്നും അഭിപ്രായം ഉയർന്നുകഴിഞ്ഞു.

ഡൽഹിയെ വെളളത്തിൽ മുക്കിയത് കെജ് രിവാളിന്റെ ഭരണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഈസ്റ്റ് ഡൽഹി എംപി ഗൗതം ഗംഭീർ ഉൾപ്പെടെയുളളവരാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. ഉണരൂ ഡൽഹിക്കാരെ, ഇവിടെ ഒന്നും സൗജന്യമല്ല, അതിന്റെ വിലയാണിത് എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുളള കെജ് രിവാൾ ഭരണശൈലിയെ ഗൗതം ഗംഭീർ വിമർശിച്ചത്.

Full View

ഡൽഹി വലിയ കുഴിയിലേക്ക് വീണുകഴിഞ്ഞതായിട്ടായിരുന്നു ഗംഭീറിന്റെ വാക്കുകൾ. വേണ്ടത്ര തയ്യാറെടുപ്പില്ലാഞ്ഞതും ക്രമക്കേടുകളുമാണ് ഇത്തരമൊരു പ്രളയ സമാനമായ സാഹചര്യത്തിലേക്ക് ഡൽഹിയിലെ ജനങ്ങളെ തളളിവിട്ടതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

വികസനത്തിനുളള പണം പരസ്യത്തിന് ചിലവഴിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ഗൗതം ഗംഭീർ മറ്റൊരു ട്വീറ്റിൽ ആരോപിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുൻ ക്രിക്കറ്റ് താരം കൂടിയായ ഗംഭീർ പറഞ്ഞു.

അതേസമയം പ്രവചനാതീതമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ഡൽഹി സർക്കാരിന്റെ വിശദീകരണം. യമുനയിലെ ജലനിരപ്പ് മുൻപൊരിക്കലും ഇത്രയും ഉയർന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ് ഇപ്പോൾ മുൻഗണനയെന്നുമാണ് സർക്കാരിന്റെ നിലപാട്.

Tags:    

Similar News