പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ശരദ് പവാർ പങ്കെടുത്തേക്കില്ല; ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ
ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവരും യോഗത്തിൽ നിന്നും വിട്ടു നിൽക്കും മുംബൈ: ബംഗലൂരുവിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ…
;ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവരും യോഗത്തിൽ നിന്നും വിട്ടു നിൽക്കും
മുംബൈ: ബംഗലൂരുവിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മുതിർന്ന നേതാവ് ശരദ് പവാർ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ 23ന് പട്നയിൽ നടന്ന യോഗത്തിൽ 82 വയസുകാരനായ പവാർ പങ്കെടുത്തിരുന്നു.യോഗത്തിൽ പവാർ പങ്കെടുക്കാത്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സോണിയ ഗാന്ധി നേതൃത്വം നൽകുന്ന യോഗത്തിൽ മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, സ്റ്റാലിൻ, നിതീഷ് കുമാർ, ഹേമന്ത് സോറൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം. ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കും. അതേസമയം, എൻസിപിയുടെ വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമ്മേളനത്തിനെത്തും.
പ്രതിപക്ഷ ഐക്യത്തിന്റെ മുഖം എന്ന തരത്തിൽ കോൺഗ്രസ് ഉൾപ്പെടെ അവതരിപ്പിച്ച പവാർ യോഗത്തിൽ പങ്കെടുക്കില്ല എന്ന വാർത്തയോട് പല തരത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതികരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും കഴിഞ്ഞ ദിവസം ശരദ് പവാറിനെ സന്ദർശിച്ചിരുന്നു. അജിത് പവാറിനും പ്രഫുൽ പട്ടേലിനുമൊപ്പം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മറ്റ് എൻസിപി നേതാക്കളായ ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ഡെ, അദിതി താത്കറെ, മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ എന്നിവരും ശരദ് പവാറിനെ കണ്ടിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇനിയും അപ്രതീക്ഷിതമായ പലതും സംഭവിക്കും എന്നതിന്റെ സൂചനയാണ് നേതാക്കളുടെ സന്ദർശനം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. പവാർ സാഹിബ് കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും എന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ പ്രതികരിച്ചതിന് പല വ്യാഖ്യാനങ്ങളും പുറത്തു വന്നിരുന്നു.