കാറിന് തീപിടിച്ച് യുവാവിന്റെ മരണം: ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പോലീസ്

ആലപ്പുഴ: മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിൽ അർധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. മാവേലിക്കര ഗവ.ഗേൾസ് സ്കൂളിന് സമീപം…

By :  Editor
Update: 2023-08-07 22:32 GMT

ആലപ്പുഴ: മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിൽ അർധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. മാവേലിക്കര ഗവ.ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശാണ് (കണ്ണൻ -35) മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം ഇന്നലെ അർധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.

കാറിനു സാങ്കേതിക തകരാർ ഇല്ലായിരുന്നു എന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. വാഹനത്തിനുള്ളിൽ നിന്ന് ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

പന്തളത്ത് കമ്പ്യൂട്ടർ സർവീസിനു ശേഷം കൃഷ്ണ പ്രകാശ് തിരികെ വീട്ടിലേക്ക് കടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. അവിവാഹിതനായ കൃഷ്ണപ്രകാശും ജ്യേഷ്ഠൻ ശിവപ്രകാശും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശബ്ദം കേട്ടു ശിവപ്രകാശ് ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നു. കാറിൽ നിന്ന് പുറത്തിറങ്ങാൻ കൃഷ്ണപ്രകാശ് ശ്രമിക്കുന്നത് കണ്ടതായി ശിവപ്രകാശ് പൊലീസിനോട് പറഞ്ഞു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും കാർ പൂർണമായും തീയിൽ അമർന്നു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. പരേതനായ കെതങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും (ഡൽഹി) മകനാണ് കൃഷ്ണ പ്രകാശ്. സഹോദരി: കാർത്തിക (പൂനെ). സംസ്കാരം ഇന്ന്.

Tags:    

Similar News