ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം; നഴ്സിന്റെ മൃതദേഹം ആംബുലൻസിൽ

പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു നടുക്കുന്ന സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…

By :  Editor
Update: 2023-08-13 08:00 GMT

പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു നടുക്കുന്ന സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോക്ടറും സംഘവും ഒളിവിലാണ്. ഒരു കോംപൗണ്ടറെ അറസ്റ്റ് ചെയ്തെന്നു പൊലീസ് പറഞ്ഞു.

30 വയസ്സുള്ള വിധവയാണു ക്രൂരമായ പീഡനം നേരിട്ടതും കൊല്ലപ്പെട്ടതും. ഇവർക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. നഴ്സിന്റെ മാതാവ് നൽകിയ പരാതിയെതുടർന്നു ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് 5 പേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. മോത്തിഹാരിയിലെ നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി. ഡോക്ടറും സംഘവും ചതിക്കുകയായിരുന്നെന്നു യുവതിയുടെ മാതാവ് ആരോപിച്ചു.

‘‘ഭർത്താവ് മരിച്ചശേഷം മകൾ എന്റെ കൂടെയാണു താമസിക്കുന്നത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട്, നഴ്സിങ് ഹോം നടത്തിപ്പുകാരായ ഡോ.ജയ്പ്രകാശും മന്റോഷ് കുമാറും അവിടേക്കു ജോലിക്കു വന്നോളാൻ പറഞ്ഞു. അങ്ങനെയാണു മകളെ ക്ലിനിക്കിലേക്കു വിട്ടത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പിറ്റേ ദിവസം പോകുന്നില്ലെന്നു മകൾ പറഞ്ഞു. വാശി പിടിച്ചപ്പോൾ ഞാൻ കാര്യം തിരക്കി. ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് അവളെ ഉപദ്രവിക്കുന്നതായി വെളിപ്പെടുത്തി. പിന്നെ ജോലിക്കു പോയില്ല.

കുറെ ദിവസം മകളെ കാണാതിരുന്നതോടെ നഴ്സിങ് ഹോമിൽനിന്ന് ജയ്പ്രകാശും മന്റോഷും വരികയും മാപ്പു പറയുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റമറ്റ തൊഴിൽ സാഹചര്യവും മികച്ച വരുമാനവും വാഗ്ദാനം ചെയ്തു. തുടർന്ന് ഓഗസ്റ്റ് എട്ടിന് മകൾ നഴ്സിങ് ഹോമിലേക്കു ജോലിക്കു പോയി. പക്ഷേ, തിരിച്ചുവന്നില്ല. മകളുടെ ആരോഗ്യം മോശമായെന്നും അവളെ മുസഫർപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഡോക്ടർ വിളിച്ച് അറിയിച്ചു.

ഈ ആശുപത്രിയിൽപോയി ഞങ്ങൾ അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന്, ആശുപത്രി പരിസരമാകെ അരിച്ചുപെറുക്കി. അപ്പോഴാണ് ആംബുലൻസിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്.’’– യുവതിയുടെ അമ്മ വിശദീകരിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും മോത്തിഹാരി എസ്‍പി വ്യക്തമാക്കി.

Tags:    

Similar News