ഗ്രീസിൽ നിന്നും നേരെ ബംഗ്ലൂരുവിലേക്ക്, ചന്ദ്രയാൻ 3 വിജയശില്പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്‌സി’ൽ…

By :  Editor
Update: 2023-08-25 21:20 GMT

ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും ആവേശവുമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ ചാലക ശക്തിയെന്ന് മോദി കുറിച്ചു.

ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി കുറിപ്പിൽ പറയുന്നു. പീനീയയിൽ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോയിൽ നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ റോഡ് ഷോ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 7 മണിയോടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ എത്തുന്ന പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ഒരു മണിക്കൂർ സംവദിക്കും.

ചന്ദ്രയാൻ -3ന്റെവിജയത്തിനു പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബർഗിൽ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തിയത്. അവിടെ വെച്ച് പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന് തൽസമയം സാക്ഷ്യം വഹിക്കുകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News