ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേൽ; 60 ഹമാസുകാർ കൊല്ലപ്പെട്ടു - വിഡിയോ

ഗാസ സുരക്ഷാ അതിർത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ്…

By :  Editor
Update: 2023-10-12 23:59 GMT

ഗാസ സുരക്ഷാ അതിർത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ 60 ഹമാസുകാരും കൊല്ലപ്പെട്ടു.

250 ബന്ദികളെ രക്ഷിച്ചതായും ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലി ഉൾപ്പെടെ 60-ലധികം ഹമാസുകാരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇസ്രയേൽ സേന പുറത്തിട്ട വിഡിയോയിൽ ഇസ്രയേൽ സൈനികർ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതും പിന്നാലെ വെടിയൊച്ചകൾ മുഴങ്ങുന്നതും കേൾക്കാം.

ഒരു സൈനികൻ മറവിൽനിന്ന് വെടിയുതിർക്കുന്നതും മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു സൈനികൻ ബങ്കറിനു പുറത്ത് ഒരു ബന്ദിയെ അകമ്പടി സേവിക്കുന്നത് കാണാം. അതേസമയം, ഇസ്രയേൽ - ഹമാസ് യുദ്ധം ഏഴാം ദിവസത്തിലേക്കു കടന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിൽ 1,200 പേരും ഗാസയിൽ 1,400 പേരും മരിച്ചു. കൂടാതെ, 1,500 ഹമാസുകാരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ കണ്ടെത്തി.

Tags:    

Similar News