ദീപാവലിയുടെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള: ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം
ബംഗളൂരു: ദീപാവലി തിരക്കിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാ വര്‍ഷത്തേയും പോലെ സ്വകാര്യ ബസുടമകള്‍ ഇത്തവണയും ടിക്കറ്റ് നിരക്ക്…
ബംഗളൂരു: ദീപാവലി തിരക്കിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാ വര്‍ഷത്തേയും പോലെ സ്വകാര്യ ബസുടമകള്‍ ഇത്തവണയും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.
യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാല്‍ സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ബംഗളൂരു, മൈസൂരു, തുടങ്ങിയ വലിയ നഗരങ്ങളില്‍ നിന്ന് ആളുകള്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി കേരളം ഉള്‍പ്പെടെയുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വര്‍ധിച്ചത്.
കേരളത്തിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപനം വൈകുന്നതോടെയാണ് സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂടിയത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 10 എസി മള്‍ട്ടി ആക്‌സില്‍ സ്ലീപ്പറില്‍ 3700-4000 രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്.
10,11,12 തീയതികളില്‍ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ദേഭാരത് സ്‌പെഷല്‍ എക്‌സ്പ്രസ് ഓടിക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ റിസര്‍വേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. സര്‍വ്വീസിനുള്ള റെയില്‍വേ ബോര്‍ഡിന്റെ അനുമതി വൈകുന്നതാണ് കാരണം.
കേരള, കര്‍ണാടക ആര്‍ടിസികള്‍ പ്രഖ്യാപിച്ച ദീപാവലി സ്‌പെഷല്‍ ബസുകളിലെ ടിക്കറ്റുകളും ലഭ്യമല്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. 9 ആം തീയ്യതി മുതല്‍ 11 ആം തീയ്യതുി വരെ ദിവസേന 15 സ്‌പെഷല്‍ ബസുകളാണ് കെഎസ്ആര്‍ടിസി( കേരള) അനുവദിച്ചിരിക്കുന്നത്.
ഇതില്‍ രാത്രി സര്‍വീസുകളിലെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക ആര്‍ടിസി 10ന് മാത്രം 30 സ്‌പെഷല്‍ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇവിടെയും ടിക്കറ്റ് തീര്‍ന്നതിനാല്‍ നേട്ടം കൊയ്യുന്നത് സ്വകാര്യ ബസുകളാണ്. സാധാരണയേക്കാള്‍ രണ്ടിരട്ടിയും മൂന്നിരട്ടിയുമാണ് സ്വകാര്യബസുകള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.