പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ…
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ് കെ.പിയ്ക്ക് അംഗീകാരം കൈമാറി.’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് തെരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോ നാച്ചർ പുരസ്കാരം സമ്മാനിച്ചു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള, ഐക്യരാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എംപി, എം.കെ രാഘവൻ എംപി, പ്രമുഖ പ്രവാസി സംരംഭകനും റൊട്ടാന എയർലൈൻസ് മുൻ സിസിഒയുമായ രാജേന്ദ്രൻ വെള്ളപ്പാലത്ത്, മർകസ് നോളജ് സിറ്റി സിഇഒയും മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുൾ സലാം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാര ദാനം.
പുതിയ കാലഘട്ടത്തിന്റെ ചിന്തകളെ പുനർനിർമ്മിക്കുന്ന ‘ഫാഷൻ മാവെറിക്ക്’ എന്ന നിലയിൽ അമല്ലാജിന്റെ സംഭാവനയാണ് അംഗീകരിക്കപ്പെട്ടത്.തന്റെസമപ്രായക്കാരിൽ ഭൂരിഭാഗവും കൗമാരത്തിന്റെ സങ്കീർണ്ണതകളിലേക്ക് വഴുതി വീഴുമ്പോൾ 15 വയസ്സിൽ തന്നെ തന്നിലെ സംരംഭകനെ ഉണർത്തിയ അമല്ലാജ് ആശ്ചര്യമാവുകയാണ്. 16-ാം വയസ്സിൽ അമല്ലാ ജിന്റെ കാർമ്മികത്വത്തിൽ പിറന്ന എലാസിയ ഇന്ന് വസ്ത്ര ബ്രാൻഡ് മാത്രമല്ല, ഒരു പ്രസ്ഥാനം കൂടിയാണ്. പരമ്പരാഗത ഫാഷൻ സങ്കല്പങ്ങൾ മറികടന്ന്, വ്യക്തികൾക്ക് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ഫാഷൻ ശൈലിക്ക് വഴികാട്ടിയായി സ്ഥാപനം മാറി. നിശ്ചയദാർഢ്യവും തിരിച്ചടികളെ സമചിത്തതയോടെ മറികടക്കാനുള്ള കഴിവുമുള്ള അമല്ലാജ്, ഒരു യഥാർത്ഥ ‘ഫാഷൻ പോരാളി’യായ് സ്വയം അടയാളപ്പെടുത്തി.ഇന്ന് എലാസിയയുടെ ഷോറൂം വെറുമൊരു കച്ചവട കേന്ദ്രമല്ല; മാന്യമായ വിലയുള്ള ഫാഷന്റെ സങ്കേതമാണ്.
നാല് രാജ്യങ്ങളിൽ സംരംഭത്തിന്റെ ശാഖകൾ വ്യാപിച്ചു കിടക്കുന്നു. തയ്യൽ മെഷീനും സ്വപ്നവുമുള്ള ഒരു കൗമാരക്കാരന്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ നടന്ന ഒരു ഫാഷൻ വിപ്ലവത്തിന്, ആഗോള സമ്മേളനത്തിൽ തന്നെ അംഗീകാരം ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. എലാസിയയുടെ എംഡി മാത്രമല്ല അമല്ലാജ് . ട്രെൻഡ്സെറ്റർ, ഫാഷൻ മാവെറിക്ക്, യുവാക്കൾക്ക് മാതൃക എന്നീ നിലകളിലും കയ്യൊപ്പ് ചാർത്തുന്നു. UNESCO-ICCN അവാർഡ് അദ്ദേഹത്തിന്റെ അസാധാരണമായ സംഭാവനകൾക്കും ഫാഷൻ വ്യവസായത്തിലെ സ്വാധീനത്തിനും തങ്ക ലിഖിതമാവും. പേരാമ്പ്ര കണ്ണിപ്പൊയിലാണ് അമല്ലാജിന്റെ വീട്.