ബോംബ് ഭീഷണി: ‘ഫെബിൻ ഷായ്ക്ക് തീവ്രവാദ ബന്ധമില്ല; ഭീഷണി ഓഹരി വിപണിയിലെ നഷ്ടത്തെത്തുടർന്ന്’

തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക് (23) തീവ്രവാദ ബന്ധമില്ലെന്നു പ്രാഥമിക നിഗമനം. ഓഹരി വിപണിയിൽ പണം…

;

By :  Editor
Update: 2023-11-25 04:14 GMT
ബോംബ് ഭീഷണി: ‘ഫെബിൻ ഷായ്ക്ക് തീവ്രവാദ ബന്ധമില്ല; ഭീഷണി ഓഹരി വിപണിയിലെ നഷ്ടത്തെത്തുടർന്ന്’
  • whatsapp icon

തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക് (23) തീവ്രവാദ ബന്ധമില്ലെന്നു പ്രാഥമിക നിഗമനം. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് വലിയ തുക നഷ്ടമായതിനെ തുടർന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഫെബിൻ പൊലീസിനോടു പറഞ്ഞത്.

മൊബൈൽ ഹാക്ക് ചെയ്തതാണെന്ന് ആദ്യം പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ബിബിഎ ബിരുദമുള്ള ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. ഫെബിൻഷായെ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. ട്രാൻസിറ്റ് വാറന്റ് വാങ്ങിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകും.

വെള്ളിയാഴ്ച രാവിലെ 11.06നാണ് മുംബൈ വിമാനത്താവളത്തിലെ കസ്റ്റമർ കെയർ ഐഡിയിൽ ഇ മെയിൽ സന്ദേശം ലഭിച്ചത്. ഒരു ദശലക്ഷം യുഎസ് ഡോളർ 48 മണിക്കൂറിനുള്ളിൽ നൽകിയില്ലെങ്കിൽ വിമാനത്താവളം ബോംബ് വച്ചു തകർക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവള അധികൃതർ സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അവർ മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിനു പരാതി കൈമാറി.

അന്വേഷണത്തിൽ കേരളത്തിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് മനസിലായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ കേരളാ പൊലീസ് മേധാവിയുമായി സംസാരിച്ചു. കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ആളെ കണ്ടെത്തി. മഹാരാഷ്ട്രയിൽനിന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ 5 അംഗ സംഘം വിമാനത്തിൽ തലസ്ഥാനത്തെത്തി. കേരള പൊലീസിന്റെ സഹായത്തോടെ സംഘം കിളിമാനൂർ സ്റ്റേഷനിലെത്തി കസ്റ്റഡിയിലുള്ള ഫെബിൻ ഷായെ ചോദ്യം ചെയ്തു.

ഫെബിന്റെ ഫോണിൽനിന്നാണ് ഇ മെയിൽ സന്ദേശം പോയത്. തന്റെ ഐഫോൺ ഹാക്ക് ചെയ്തതെന്നാണ് ഫെബിൻ ആദ്യം പൊലീസിനോടു പറഞ്ഞത്. പിന്നീട് സാമ്പത്തിക ബാധ്യത തീർക്കാൻ ചെയ്തതാണെന്നു സമ്മതിച്ചു. സ്റ്റോക്ക് മാർക്കറ്റിൽ വീട്ടുകാർ അറിയാതെ പണം നിക്ഷേപിച്ചിരുന്നതായും വലിയ തുക നഷ്ടപ്പെട്ടതായും ഫെബിൻ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇടത്തരം കുടുംബമാണ് ഫെബിന്റേത്. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വീട്ടിലെ ഇന്റർനെറ്റ് കണക്‌ഷൻ ഉപയോഗിച്ചാണ് ഇ മെയിൽ അയച്ചത്. ഐപി വിലാസം മറയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടില്ല. സാധാരണ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പൊലീസിൽനിന്നു രക്ഷപ്പെടാൻ വിപിഎൻ ഉപയോഗിക്കാറുണ്ട്. ഫെബിനു മറ്റു ലക്ഷ്യങ്ങളിലെന്ന നിഗമനത്തിലെത്താൻ കാരണം ഇതാണെന്ന് പൊലീസ് പറയുന്നു. ഇയാളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. നേരത്തെ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെടാത്തയാളാണ് ഫെബിനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Similar News