റോബിൻ ബസ് ഉടമ ബേബി ഗിരീഷ് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ; 2012ൽ കൊച്ചിയിൽ റജിസ്റ്റർ ചെയ്ത കേസ്

കോട്ടയം∙ സാമ്പത്തിക തട്ടിപ്പുകേസിൽ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. 2012ൽ കൊച്ചിയിൽ…

By :  Editor
Update: 2023-11-26 04:10 GMT

കോട്ടയം∙ സാമ്പത്തിക തട്ടിപ്പുകേസിൽ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. 2012ൽ കൊച്ചിയിൽ റജിസ്റ്റർ ചെയ്ത ചെക്ക് കേസുമായി ബന്ധപ്പെട്ട് പാലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്കു ശേഷം എറണാകുളത്തെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോകും.

ആരുടേതാണെങ്കിലും പ്രതികാര നടപടിയുമായി മുന്നോട്ടു പോകട്ടെ എന്നു ബേബി ഗിരീഷിന്റെ ഭാര്യ അറസ്റ്റിനു പിന്നാലെ പ്രതികരിച്ചു.ബേബി ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഭാര്യ ആരോപിച്ചു. രണ്ടു ജാമ്യക്കാർ കൂടി ഒപ്പമുള്ളതിനാൽ കേസിൽ ജാമ്യം ലഭിക്കുമെന്നും കുടുംബം പ്രതികരിച്ചു.

തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു വൻ പൊലീസ് സന്നാഹത്തോടെ പിന്തുടർന്നെത്തി മോട്ടർ വാഹന വകുപ്പിന്റെ നടപടി. ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റാണെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഇതേസമയം കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമെന്ന് ബസ് നടത്തിപ്പുകാർ പ്രതികരിച്ചു. തമിഴ്നാട്ടിൽ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയത്.

Tags:    

Similar News