നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി…

By :  Editor
Update: 2023-12-09 06:31 GMT

തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. നവകേരള സദസിനെ ‘ട്രോളി’ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് കേസിന് ആധാരം. സിപിഎം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നൽകിയത്.

നവകേരള യാത്ര പാലക്കാട് ജില്ലയിലേക്കു വരുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫെയ്സ്ബുക്ക് പേജിൽ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്. ‘ആലിബാബയും 41 കള്ളൻമാരും’ എന്ന തലക്കെട്ടിൽ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമാണ് ഫാറൂഖ് പങ്കുവച്ചത്. ‘നവകേരള സദസ്സിൽ വൻ ജനക്കൂട്ടം: മുഖ്യമന്ത്രി – പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് കുറിച്ചിരുന്നു. ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂർവം കള്ളൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പരാതി ലഭിച്ചതിനു പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു

അതേസമയം, കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോൺഗ്രസും വ്യക്തമാക്കി. ‘പിണറായി സർക്കാരിന്റെ ധൂർത്തിനും നവ കേരള സദസ്സിനുമെതിരെ ഞാൻ നവംബർ 19ന് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു, ഇന്ന് തൃത്താല പൊലീസ് എനിക്കെതിരെ സിപിഎം നേതാക്കളുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം നടത്തി എന്നാണത്രേ കേസ്. പറയാനുള്ളത് ഇനിയും ആർജ്ജവത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും. കേസുകൾ നിങ്ങൾ എടുത്തു കൊണ്ടേയിരിക്കുക’ – ‘ഫാസിസം തുലയട്ടെ’ എന്ന തലക്കെട്ടിൽ ഫാറൂഖ് കുറിച്ചു.

ഫാറൂഖിന്റെ മൊബൈൽ ഫോണ്‍ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായും വിമർശനമുണ്ട്. തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കാമെന്ന് ഫാറൂഖ് നിലപാട് സ്വീകരിക്കുകയായിരുന്നു.

Tags:    

Similar News