യുവതിയെ കാർ കയറ്റി കൊല്ലാൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ ശ്രമം: പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം

യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഉൾപ്പെടെയുള്ള നിസ്സാര വകുപ്പുകൾ പ്രകാരമാണ് താനെ പൊലീസ്…

;

By :  Editor
Update: 2023-12-16 23:06 GMT

യുവതിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഉൾപ്പെടെയുള്ള നിസ്സാര വകുപ്പുകൾ പ്രകാരമാണ് താനെ പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ (എംഎസ്ആർഡിസി) എംഡി അനിൽകുമാർ ഗായ്ക്ക്‌വാഡിന്റെ മകൻ അശ്വജിത് ഗായ്ക്ക്‌വാഡ് തന്നെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് കാമുകി പ്രിയ സിങ് (26) ആണ് നൽകിയ പരാതിയിരുന്നത്.

ഈ മാസം 11നു നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അറസ്റ്റ് ഉൾപ്പെടെയുളള തുടർനടപടി ഉണ്ടാകാത്തതിനെ തുടർന്ന് യുവതി വിഷയം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കി. ഇൻസ്റ്റഗ്രാമിൽ 11 ലക്ഷം ഫോളോവേഴ്സ് ഉള്ളയാളാണ് പ്രിയ. താനെ ഘോഡ്ബന്ദർ റോഡിന് സമീപമാണ് സംഭവം നടന്നത്. സംഭവദിവസം പുലർച്ചെ തന്നെ വിളിച്ചു വരുത്തിയ അശ്വജിത് തങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ മർദിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തുവെന്ന് പ്രിയ പറയുന്നു.

അശ്വജിത്തിന്റെ കാറിൽ നിന്ന് തന്റെ ബാഗ് എടുത്ത് പോകാൻ തുനിഞ്ഞപ്പോൾ അശ്വജിത് ഡ്രൈവറോട് കാർ മുന്നോട്ടേടുക്കാൻ ആവശ്യപ്പെട്ടു. കാർ ഇടിച്ചു വലതുകാലിന് പരുക്കേറ്റ തനിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുളള തന്റെ ചിത്രവും പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരോപണങ്ങൾ നിഷേധിച്ച അശ്വജിത് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്ന് ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുമെന്നും തുടർനടപടികൾ തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. അനിൽകുമാർ ഗായ്ക്ക്‌വാഡ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News