കൊല്ലത്ത് ക്ഷേത്ര മൈതാനം ഉപയോഗിക്കാൻ വിലക്ക്; പിന്നാലെ മുഖ്യമന്ത്രിക്കായി ഗണപതിഹോമം

നവകേരള സദസ് നടക്കാനിരിക്കെ കൊല്ലം ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായി ഗണപതിഹോമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരില്‍ 60 രൂപ അടച്ചാണ്…

By :  Editor
Update: 2023-12-17 23:28 GMT

നവകേരള സദസ് നടക്കാനിരിക്കെ കൊല്ലം ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായി ഗണപതിഹോമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരില്‍ 60 രൂപ അടച്ചാണ് ഗണപതി ഹോമം നടത്തിയത്. ക്ഷേത്രത്തിനു സമീപമുള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്നാണ് നവകേരള സദസ്സ്. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലയ്ക്കിയിരുന്നു.

ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ മൈതാനത്തു 18നു നവകേരള സദസ്സ് നടത്താൻ അനുമതി നൽകിയതിനെതിരെ ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹർജിപരിഗണിച്ചാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ദേവസ്വം ബോർഡ് സ്കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ പരിസരത്തിലാണു മൈതാനമെന്നും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂളും മൈതാനവുമെന്നും ഹർജിക്കാർ അറിയിച്ചിരുന്നു.

ക്ഷേത്രകാര്യങ്ങളോ ആചാരങ്ങളോ ആയി ബന്ധമില്ലാത്ത പരിപാടികൾക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണെന്നും നവകേരള സദസ്സ് നടത്താൻ ഗ്രൗണ്ട് വിട്ടു നൽകുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിക്കാർ പറഞ്ഞിരുന്നു.

Tags:    

Similar News