തണുത്തുവിറച്ച് ഡൽഹി: വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും…
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും ദിവസങ്ങളിൽ ഡൽഹിയിലെ കാലാവസ്ഥ 2 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ട്.
ഡൽഹി, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്, വടക്കൻ രാജസ്ഥാൻ, വടക്കൻ ഛത്തീസ്ഗഡ് എന്നിങ്ങനെ മിക്ക പ്രദേശങ്ങളിലെയും താപനില കുത്തനെ താഴ്ന്നിരിക്കുകയാണ്.
ഡൽഹിയിലും വടക്ക്-പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കൊടും തണുപ്പ് തുടരുന്നതിനാൽ, വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശം അവസ്ഥയിലാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 333-ന് മുകളിൽ തന്നെയാണ് തുടരുന്നത്. ആഴ്ചകൾക്ക് മുൻപ് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 400 കവിഞ്ഞിരുന്നു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിലും പരിസരപ്രദേശത്തും ഏർപ്പെടുത്തിയത്.
ശൈത്യകാലത്തിന് തുടക്കമായാൽ വായുമലിനീകരണവും രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പൂജ്യത്തിനും 50നും ഇടയിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് നല്ലതും, 51-നും 100-നും ഇടയിൽ തൃപ്തികരവും, 101-നും 200-നും ഇടയിൽ മിതമായതും, 201-നും 300-നും ഇടയിൽ മോശവും, 301-നും 400-നും ഇടയിൽ വളരെ മോശവും, 400-ന് മുകളിൽ അതികഠിനവുമായാണ് കണക്കാക്കുന്നത്.