2005ൽ കാണാതായ യുവതിയെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയെന്നു പരാതി; പരിശോധനയുമായി പോലീസ്
തലപ്പുഴ : വർഷങ്ങൾക്കു മുൻപു കാണാതായ ആളെ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. സ്വത്തു…
;തലപ്പുഴ : വർഷങ്ങൾക്കു മുൻപു കാണാതായ ആളെ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. സ്വത്തു തർക്കത്തെത്തുടർന്നു ഷൈനിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നു ബീന ആരോപിക്കുന്നു. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തി അമ്മയുമായി അടുപ്പം സ്ഥാപിച്ചതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്നും ബീന പറയുന്നു.
ഷൈനിയെ കൊന്ന ശേഷം വീടിനോടുചേർന്ന തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടെന്നാണു പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പരിശോധന നടത്തി. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
രണ്ടര മണിക്കൂറോളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കു 12വരെ നീണ്ടു. പൊലീസ് ഫൊറൻസിക് സർജൻ ഡോ. എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.