ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട; നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ട്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിന് ഇവിടെ ആരും…
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസവും ഉണ്ടാക്കുന്നില്ല. ആരും അതിന്റെ മേലെ കുതിര കയറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുത്തതില്‍ തനിക്ക് വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. അത് നടത്തിയാല്‍ കേസും വരും. ശബ്ദമുയര്‍ത്തിക്കളഞ്ഞാല്‍ കാര്യങ്ങള്‍ നേടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് എടുത്തത് ശരിയല്ലെങ്കില്‍ നിങ്ങള്‍ അത് ചോദ്യം ചെയ്‌തോളൂ. പൊലീസ് പൊലീസ് പൊലീസിന്റെ നടപടിയാണ് സ്വീകരിച്ചത്. പൊലീസിന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്. നിങ്ങളുടെ അടുത്ത് തെളിവ് ഇല്ലല്ലോ?. നിങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അതില്‍ നടപടികള്‍ സ്വീകരിച്ചോളൂ- മുഖ്യമന്ത്രി പറഞ്ഞു.
‘ഇതുപോലൊരു പരിപാടി നടക്കുമ്പോൾ അടിച്ചോണ്ടിരിക്കാൻ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അതാണോ പൊതു സംസ്കാരം? നിങ്ങൾക്ക് ആർക്കും അതൊരു പ്രശ്നമായി തോന്നുന്നില്ലല്ലോ. ഞാൻ പറഞ്ഞത് നിങ്ങൾ മറച്ചുവയ്ക്കുന്നു. കല്യാശേരി മണ്ഡലത്തിൽ ബസിനു മുന്നിൽ അവർ ചാടിയപ്പോൾ ഇത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ആരും പ്രകോപനത്തിൽ കുടുങ്ങരുതെന്നും പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. സംയമനം പാലിക്കാൻ ഞാൻ പറയുമ്പോഴും മറുഭാഗത്തുനിന്ന് അടിക്കാനുള്ള നിർദേശമാണ് വരുന്നത്’ –മുഖ്യമന്ത്രി പറഞ്ഞു.