'കട്ടക്കലിപ്പില്‍' പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ; മുഖത്തോടു മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും
പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോ ഹസ്തദാനം ചെയ്യാനോ, പരസ്പരം…
പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോ ഹസ്തദാനം ചെയ്യാനോ, പരസ്പരം മുഖത്ത് നോക്കാനോ തയ്യാറായില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പിന്നിലുടെ ഗവര്‍ണര്‍ കടന്നുപോകുകയും ചെയ്തു. രാജ്ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി.
വൈകീട്ട് നാലുമണിയോടെയാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.