ജനനേന്ദ്രിയമില്ല, അവയവങ്ങൾ യഥാസ്ഥാനത്തല്ല; മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകുന്നു; നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടർമാർക്കെതിരെ കേസ്
ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമെന്ന് പരാതി. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ഗർഭകാലത്തെ സ്കാനിംഗിൽ വൈകല്യം തിരിച്ചറിയാത്തതിനാലാണ് നടപടി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു, ചെവി യഥാസ്ഥാനത്തല്ല, കുഞ്ഞിനെ മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകുന്നു, മുഖം ശരിയായ രൂപത്തിലല്ല. ഗർഭകാലത്ത് പലതവണ നടത്തിയെങ്കിൽ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. പ്രസവത്തിന് നാല് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കാണിച്ചതെന്നും അമ്മ ആരോപിക്കുന്നു.
ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഏഴാം മാസത്തെ സ്കാനിംഗിൽ കുഞ്ഞിന് ഫ്ലൂയിഡ് കൂടുതലാണെന്ന് പറഞ്ഞു. അനങ്ങരുതെന്നും റെസ്റ്റ് എടുക്കണമെന്നും നിർദ്ദേശിച്ച് പറഞ്ഞയച്ചു. 36-ാമത്തെ ആഴ്ച കുഞ്ഞിനെ പുറത്തെടുക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
അഡ്മിറ്റായി മൂന്നാമത്തെ ദിവസം കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ഫ്ലൂയിഡ് കൂടുതലുള്ളതിനാൽ കുഞ്ഞിന് വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.