കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം തട്ടിയ സംഭവം: അക്രമികൾ വന്നത് കാറിൽ, കണ്ടാൽ തിരിച്ചറിയാമെന്ന് വ്യാപാരി

ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനു നേരെ രാത്രി 10.30നാണ് അക്രമമുണ്ടായത്;

Update: 2024-11-28 03:04 GMT

കൊടുവള്ളി: സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന സ്വർണവ്യാപാരിയിൽനിന്ന് ഒന്നേ മുക്കാൽ കിലോ സ്വർണം കവർന്ന കേസിൽ അക്രമി സംഘം എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു വ്യാപാരിയായ ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണു സംഭവം.

കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ബൈജുവിൽനിന്നും ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നത്. മോഷ്ടാക്കളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നു ബൈജു പറഞ്ഞു.

ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനു നേരെ രാത്രി 10.30നാണ് അക്രമമുണ്ടായത്. ആഭരണ നിർമാണശാലയിൽനിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പിന്നാലെ ബൈജു പൊലീസിൽ പരാതി നൽകി. രണ്ടു മാസം മുൻപു കുതിരാൻ കല്ലിടുക്കിൽ സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന്‍റെ കാറിന്റെയും നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു.

Tags:    

Similar News