സജി ചെറിയാന്റേത് നാക്കുപിഴയല്ല, വിശേഷണമാണ്; അതൃപ്തി ഉണ്ടെങ്കിൽ പരിശോധിക്കും- എംവി ഗോവിന്ദൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി ബിഷപ്പുമാരുമായി…
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം പാർട്ടിക്കുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; പാർട്ടിക്കുണ്ടെങ്കിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിക്കും. ഓരോരുത്തർ പ്രസംഗിക്കുമ്പോൾ പറയുന്ന പ്രയോഗങ്ങളുണ്ട്. അത് പർവതീകരിച്ച് ചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. നാക്കുപിഴ എന്ന് പറയാൻ സാധിക്കില്ല. വിശേഷണങ്ങളാണ്. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുമുന്നണി തന്നെ പറയും. ബിഷപ്പുമാരുൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ പദം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താം- എം.വി. ഗോവിന്ദൻ പറഞ്ഞു.