പാഴ്സലിൽ ലഹരിമരുന്നുണ്ട്, ആധാറും; പൊലീസ് ചമഞ്ഞ് ബോളിവുഡ് നടിയെ ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ

പൊലീസ് ഓഫിസർ എന്ന വ്യാജേന ബോളിവുഡ് നടിയിൽനിന്ന് ലക്ഷങ്ങൾ തട്ടി. ബോളിവുഡ് നടി അഞ്ജലി പാട്ടീലാണ് 5.79 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായത്. അഞ്ജലിയുടെ പേരിൽ…

By :  Editor
Update: 2024-01-03 02:58 GMT

പൊലീസ് ഓഫിസർ എന്ന വ്യാജേന ബോളിവുഡ് നടിയിൽനിന്ന് ലക്ഷങ്ങൾ തട്ടി. ബോളിവുഡ് നടി അഞ്ജലി പാട്ടീലാണ് 5.79 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായത്. അഞ്ജലിയുടെ പേരിൽ വന്ന കുറിയറിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

കഴി‍ഞ്ഞ ആഴ്ചയാണ് ഫെഡ്എക്സ് എന്ന കുറിയർ കമ്പനിയിൽനിന്ന് അവിടുത്തെ ഉദ്യോഗസ്ഥൻ ദീപക് ശർമയാണ് എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ അഞ്ജലിക്കു വരുന്നത്. തായ്​വാനിൽനിന്ന് അഞ്ജലിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും അതിൽ ലഹരിമരുന്ന് സാന്നിധ്യം കണ്ടെത്തിയതിനാൽ കസ്റ്റംസ് പിടിച്ചുവച്ചിരിക്കുകയായിരുന്നെന്നുമാണ് അയാൾ പറഞ്ഞത്. അഞ്ജലിയുടെ ആധാർ കാർഡും പാഴ്സലിൽനിന്ന് കണ്ടെടുത്തെന്നും സ്വകാര്യ വിവരങ്ങൾ പുറത്താകാതിരിക്കാൻ എത്രയും പെട്ടെന്ന് മുംബൈ സൈബർ പൊലീസിനെ ബന്ധപ്പെടാനും അയാൾ പറഞ്ഞു.

ഇതിനു തൊട്ടുപിന്നാലെ മുംബൈ സൈബർ പൊലീസിൽനിന്ന് ബാനർജിയാണെന്നു പരിചയപ്പെടുത്തി സ്കൈപ്പിൽ മറ്റൊരു കോൾ കൂടി വന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാർ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. അഞ്ജലിയുടെ നിരപരാധിത്വം തെളിയിക്കാമെന്നു പറഞ്ഞ് പ്രൊസസിങ് ഫീസായി അവരിൽനിന്ന് 96,525 രൂപയും വാങ്ങി. തുടർന്ന് കേസ് അവസാനിപ്പിക്കാനായി പഞ്ചാബ് നാഷനൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്ക് 4,83,291 രൂപ ഇടാനും ആവശ്യപ്പെട്ടു.

കുറച്ചു ദിവസങ്ങൾക്കു ശേഷം തന്റെ വീട്ടുടമസ്ഥനോട് കാര്യം പറഞ്ഞപ്പോഴാണ് താൻ സൈബർ തട്ടിപ്പിന്റെ ഇരയായതാണെന്ന് അഞ്ജലിക്ക് മനസ്സിലായത്. തുടർന്ന് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

Tags:    

Similar News