വ്യാപാരിയുടെ കൊലപാതകം: തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. തെങ്കാശിയില്‍ നിന്നാണ് പ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു.…
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. തെങ്കാശിയില്‍ നിന്നാണ് പ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ ഒരാള്‍ കൂടി ഉള്ളതായാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയാണു കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷര്‍ട്ടും കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്.
നേരത്തെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയിലുണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ പ്രതികള്‍ എടുത്തുകൊണ്ടുപോയി. ജോര്‍ജ്ജ് കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിന് മുന്‍പേ പ്രതികളെത്തി. റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.