‘എന്റെയൊപ്പം വരൂ, നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്’: എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെ 8 എംപിമാർക്ക് പ്രധാനമന്ത്രി വക സർപ്രൈസ്
എട്ട് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വക സർപ്രൈസ്. പാർലമെന്റിലെ കാന്റീനിൽ തന്റെയൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ എട്ട് എംപിമാരെ നരേന്ദ്ര മോദി ക്ഷണിച്ചു. കേരളത്തിൽനിന്നുള്ള എൻ.കെ.പ്രേമചന്ദ്രൻ എംപി…
എട്ട് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വക സർപ്രൈസ്. പാർലമെന്റിലെ കാന്റീനിൽ തന്റെയൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ എട്ട് എംപിമാരെ നരേന്ദ്ര മോദി ക്ഷണിച്ചു. കേരളത്തിൽനിന്നുള്ള എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്.
ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‍പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര, ആർഎസ്‍പി എംപി എൻ.കെ.പ്രേമചന്ദ്രൻ എന്നിവർക്കായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഫോൺ കോൾ എത്തി. ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്. എന്റെയൊപ്പം വരൂ.’’– ഇതായിരുന്നു തമാശരൂപേണയുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ.
‘‘ഞങ്ങളെ വിളിച്ചു. മുകളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായത്. കാന്റീന്റെ വാതിൽ തുറന്നു. കാന്റീനിൽ സന്ദർശക മുറിയിലായിരുന്നു ഞങ്ങൾ. ഞങ്ങളെ എല്ലാവരെയും വിളിച്ചതോർത്ത് പരസ്പരം നോക്കി ഞങ്ങൾ അത്ഭുതപ്പെട്ടു.’’– എംപിമാരിലൊരാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നെന്ന് മറ്റൊരു എംപി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചയൂണിൽ ചോറ്, പരിപ്പ്, ഖിച്ചടി, ലഡു എന്നിവയാണ് വിഭവങ്ങളായി ഉണ്ടായിരുന്നത് . 45 മിനിറ്റോളം പ്രധാനമന്ത്രിയും എംപിമാരും ഒരുമിച്ച് സമയം ചെലവഴിച്ചു.