എച്ച് ഒഴിവാക്കി; ഓട്ടോ മാറ്റിക്, ഇലക്ട്രിക് വാഹനങ്ങളില്‍ ടെസ്റ്റ് നടത്തരുത്‌; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിദിനം…

;

By :  Editor
Update: 2024-02-22 21:33 GMT

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ടെസ്റ്റില്‍ എച്ച് എടുക്കുന്നത് ഒഴിവാക്കി.

മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം വണ്ടി. ഹാന്‍ഡില്‍ ബാറില്‍ ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള മോട്ടര്‍ സൈക്കിള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളും അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോര്‍ മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കില്‍ എന്‍ജിനീയറിങില്‍ ഉള്ള യോഗ്യത വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നുള്ള റെഗുലര്‍ കോഴ്‌സ് പാസായവരെ പരിഗണിക്കണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ ചുമതലയേറ്റ ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്.

Tags:    

Similar News