സവാള ചാക്കുകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ടംഗ സംഘം പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 യുവാക്കൾ പിടിയിൽ. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീൻ, ഉനൈസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സവാള ചാക്കുകൾക്കിടയിൽ അതിവിദഗ്ധമായി പുകയില…

By :  Editor
Update: 2024-02-23 01:23 GMT

പത്തനംതിട്ട: തിരുവല്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 യുവാക്കൾ പിടിയിൽ. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീൻ, ഉനൈസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സവാള ചാക്കുകൾക്കിടയിൽ അതിവിദഗ്ധമായി പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഏകദേശം 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തു.

പിക്കപ്പ് വാനിൽ സവാള ചാക്കുകൾ അടുക്കിവെച്ച രീതിയിലായിരുന്നു. ഇത്തരത്തിൽ 45 സവാള ചാക്കുകളിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചുകടത്താൻ ഇരുവരും ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവ തിരുവല്ലയിലെ മൊത്തക്കച്ചവടക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അമീനും ഉനൈസും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇവർ പുകയില കടത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ മറ്റു പല ഭാഗങ്ങളിലേക്കും ഇവർ ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്നാണ് സൂചന. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News