സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്; മുരളീധരൻ തൃശൂരിലേക്ക്, ഷാഫി വടകരയിൽ !

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ…

By :  Editor
Update: 2024-03-07 23:15 GMT

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിർത്തും.

സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. അപ്രതീക്ഷിത പേരുകൾ പട്ടികയിലുണ്ടാകുമെന്ന് കെ.സുധാകരൻ പറഞ്ഞു. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധിച്ചു ചർച്ച നടത്തി. ബിജെപിയുടെ താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള തീരുമാനം.

പാലക്കാട്ട് വി.കെ. ശ്രീകണ്ഠനു പകരം ഷാഫി പറമ്പിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. വടകരയിൽ ഷാഫി വരുന്നതു വഴി പട്ടികയിൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പായി. ആലപ്പുഴ തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുടെ തിരക്കുകൾ മൂലം അദ്ദേഹം ഒഴിഞ്ഞാൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കും.

Full View

വയനാടിനു പുറമെ രാഹുൽ ഗാന്ധി യുപിയിലെ അമേഠിയിലും മത്സരിച്ചേക്കും. യുപി സ്ഥാനാർഥികളെ വരും ദിവസങ്ങളിൽ തീരുമാനിക്കും. മത്സരിക്കാൻ തയാറാണെന്ന് സുധാകരൻ അറിയിച്ചതോടെയാണ് കണ്ണൂരിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം ഒഴിവായത്.

തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഗുജറാത്തിലുള്ള രാഹുൽ ഗാന്ധി വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.

Tags:    

Similar News