പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളത്തില്‍ കേസെടുത്തത് 7,913 പേര്‍ക്കെതിരെ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7,913 പേർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് റിപ്പോർട്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ജില്ലകളിൽനിന്ന് റിപ്പോർട്ട്…

;

By :  Editor
Update: 2024-03-12 07:40 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7,913 പേർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് റിപ്പോർട്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ജില്ലകളിൽനിന്ന് റിപ്പോർട്ട് ശേഖരിച്ച് ആഭ്യന്തരവകുപ്പിന് കൈമാറിയതെന്നു മനോരമ റിപ്പോർട്ട് ചെയ്യുന്നു

പാർലമെന്റ് 2019ലാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണ് കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയതെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 7913 പേർക്കെതിരെ 831 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 835 കേസുകൾ എന്നാണ്. 114 കേസുകൾ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 86 കേസുകളിലായി 658 പേർക്കെതിരെ കേസെടുത്തു. കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് വടക്കൻ കേരളത്തിലാണ്.

സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പിഴത്തുക അടയ്ക്കേണ്ട കേസുകളിൽ, തുക ഒടുക്കിയവരെ കേസിൽനിന്ന് ഒഴിവാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Full View

മറ്റു കേസുകളിൽ പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2019 ഡിസംബർ പത്തിനാണ് പൗരത്വ (ഭേദഗതി) ബിൽ ലോക്സഭയിൽ പാസാക്കിയത്. പിറ്റേദിവസം രാജ്യസഭ ബിൽ പാസാക്കി. ഡിസംബർ 12ന് രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചു. പാകിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്​ലിംകൾ ഒഴികെയുള്ള 6 മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.

Tags:    

Similar News