ബെംഗലൂരുവില്‍ വെള്ളം കിട്ടാനില്ല, കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ് അധികൃതര്‍. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ, സര്‍ക്കാര്‍ മുന്നറിയിപ്പ്…
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ് അധികൃതര്‍. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ, സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് വെള്ളം അനാവശ്യമായി ചെലവാക്കിയതിനാണ് പിഴചുമത്തിയത്.
കുടിവെള്ളം കാര്‍ കഴുകാനും ചെടി നനയ്ക്കാനും ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാണ് നടപടിയെന്ന് ബെംഗലൂരു വാട്ടര്‍ സപ്ലൈ ആന്റ് സ്വീവേജ് ബോര്‍ഡ് വ്യക്തമാക്കി. നഗരത്തിന്റെ പല ഭാഗത്തുനിന്നായി 1.1 ലക്ഷം രൂപയാണ് ബോര്‍ഡ് സമാഹരിച്ചത്. തെക്കന്‍ മേഖലയില്‍ നിന്ന് മാത്രം 80,000 രൂപയാണ് ലഭിച്ചത്.
വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും വാഹനങ്ങള്‍ കഴൂകാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിനോദ മേഖലയിലും വെള്ളം ഉപയോഗിക്കരുതെന്ന് ഈ മാസം ആദ്യം ബോര്‍ഡ് അറിയിപ്പ് നല്‍കിയിരുന്നു.
ജലക്ഷാമം രൂക്ഷമായതോടെ ബെംഗലൂരു നഗരത്തില്‍ ജനജീവിതം ദുസ്സഹമായി. പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബിള്‍ പാത്രങ്ങള്‍ നിര്‍ബന്ധമാക്കി. പ്രതിദിനം 500 മില്യണ്‍ ലിറ്റര്‍ വെള്ളത്തിന്റെ കുറവാണ് നഗരം നേരിടുന്നത്. 2600 മില്യണ്‍ ലിറ്റര്‍ ആണ് ഒരു ദിവസത്തേ ഉപഭോഗത്തിന് വേണ്ടത്. കാവേരി നദിയില്‍ നിന്ന് 1,470 മില്യണ്‍ ലിറ്ററും കുഴല്‍ക്കിണറുകള്‍ വഴി 650 മില്യണ്‍ ലിറ്ററുമാണ് നിലവില്‍ ലഭ്യമാകുന്നത്.