ടിടിഇ നിന്നത് എസ് 11 കോച്ചിലെ വാതിലിന് സമീപം, പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ട് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ !

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ…

By :  Editor
Update: 2024-04-02 23:11 GMT

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

മുളങ്കുന്നത് കാവ് സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ കെ വിനോദ് ടിക്കറ്റ് ചോദിച്ചത്. ഇതില്‍ കുപിതനായ പ്രതി ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എസ് 11 കോച്ചിലെ വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടു തള്ളിയിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ രജനീകാന്ത റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ടിടിഇയെ പ്രതി അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് തള്ളി താഴെയിട്ടതെന്നും സംഭവസമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി വെളിപ്പെടുത്തി.

മലയാളത്തില്‍ പൊലീസിനോട് സംസാരിച്ചത് പ്രതിക്ക് മനസിലായിട്ടുണ്ടാകാമെന്നും ഇയാള്‍ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണമായിരുന്നു എന്നും ഒരൊറ്റ സെക്കന്റില്‍ എല്ലാം കഴിഞ്ഞുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഇത് കണ്ട തങ്ങള്‍ ഭയന്നുപോയെന്നും അയാള്‍ പറഞ്ഞു.

'ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ വന്നത് തൃശ്ശൂരിലെത്തിയപ്പോഴാണ്. ഞങ്ങള്‍ ഇരുന്നതിന് താഴെയാണ് അയാള്‍ ഇരുന്നത്. ഞങ്ങളൊക്കെ ടിടിഇയെ ടിക്കറ്റ് കാണിച്ചു. എന്നാല്‍ അയാളുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. 1000 രൂപ പിഴയടക്കാന്‍ ടിടിഇ ആവശ്യപ്പെട്ടു. അതിനും അയാള്‍ തയ്യാറായില്ല. പിഴയടക്കാന്‍ പറഞ്ഞപ്പോള്‍ ടിടിഇയുടെ വീട്ടുകാരെ അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയില്‍ ചീത്ത വിളിച്ചു. അമിതമായി മദ്യപിച്ചാണ് അയാള്‍ ട്രെയിനില്‍ കയറിയത്. ഇതോടെ ടിടിഇ പൊലീസിനെ വിളിച്ചു. മലയാളത്തിലാണ് ടിടിഇ പൊലീസിനോട് സംസാരിച്ചത്. അയാള്‍ക്കത് മനസിലായെന്നാണ് തോന്നുന്നത്. സീറ്റില്‍ നിന്നെഴുന്നേറ്റ ഇയാള്‍ ടിടിഇയുടെ അടുത്തേക്ക് പോയി. പൊടുന്നനെ പുറത്തേയ്ക്ക് തള്ളി താഴെയിട്ടു. ഒറ്റ സെക്കന്റില്‍ ടിടിഇ ട്രെയിനില്‍ നിന്ന് താഴെ പോയി. ഞങ്ങള്‍ ഭയന്നുപോയി. ഉടനെ ഒപ്പമുണ്ടായിരുന്ന ഒരാളെ വിട്ട് അടുത്ത കംപാര്‍ട്‌മെന്റിലെ ടിടിഇയോട് കാര്യം അറിയിച്ചു. പ്രതിയെ ഞങ്ങള്‍ പൊലീസിലേല്‍പ്പിച്ചു'- ദൃക്‌സാക്ഷി പറഞ്ഞു.

Similar News